ആലുവ: ആധുനിക സംവിധാനങ്ങളോടു കൂടി സജ്ജീകരിച്ച കെഎസ്ആർടിസി ആലുവ ബസ് ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചു മണിക്ക് മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഉദ്ഘാടനം നിർവഹിക്കുക. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി ബെന്നി ബഹനാൻ എം പി, ജെ ബി മേത്തർ എം പി തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. ബസ് ടെർമിനലിൽ യാത്രക്കാർക്കായി മികച്ച സൗകര്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
30155 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായാണ് നിർമാണം പൂർത്തിയാക്കിയ പുതിയ ബസ് സ്റ്റേഷൻ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ 18,520 ചതുരശ്ര അടി, ഒന്നാം നിലയിൽ 11,635 ചതുരശ്ര അടി. ഗ്രൗണ്ട് ഫ്ളോറിൽ ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ ഓഫീസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകൾ, 170 സീറ്റുകളുള്ള വെയിറ്റിങ്ങ് ഏരിയ, കാന്റീനും സ്ഥിതി ചെയ്യുന്നു. 4 ടോയ്ലറ്റുകൾ, 8 യൂറിനുകൾ, 3 വാഷ് ബെയ്‌സിനുകൾ അടങ്ങിയ ജെന്റ്സ് വെയിറ്റിങ്ങ് റൂമും, 4 ടോയ്ലറ്റുകൾ, 3 വാഷ് ബെയ്‌സിൻ അടങ്ങിയ ലേഡീസ് വെയിറ്റിങ്ങ് റൂമും, അംഗപരിമിതർക്കുള്ള 2 ടോയ്ലറ്റുകളും ഇവിടെയുണ്ട്.
ഒന്നാം നിലയിൽ 5 ഓഫീസ് റൂം, 43 സീറ്റുള്ള വെയിറ്റിങ്ങ് ഏരിയ, 4 ടോയ്‌ലറ്റുകൾ, 4 യൂറിനുകൾ ഉള്ള ജെന്റ്സ് വെയിറ്റിങ്ങ് റൂം, 4 ടോയ്‌ലറ്റുകൾ ഉള്ള ലേഡീസ് വെയിറ്റിങ്ങ് റൂം, അംഗപരിമിതർക്കുള്ള 1 ടോയ്ലറ്റ് എന്നിവയും സ്ഥിതി ചെയ്യുന്നു. ഒന്നാം നിലയിലേക്ക് കയറാൻ രണ്ടു ലിഫ്റ്റുകളും, 3 സ്റ്റെയർ കേസുകളും, അഗ്നി ശമന സാമഗ്രികളും ക്രിമീകരിച്ചിട്ടുണ്ട്. മുൻഭാഗത്ത് 18 ബസ് ബേകളടക്കം 30 ബസുകൾ പാർക്ക് ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിങ്ങ് ഏരിയയും പുതിയ ബസ് സ്റ്റേഷനിലുണ്ട്.

