രാഷ്ട്രീയ പ്രവർത്തനം മാന്യമായിരിക്കണം; ഭാരവാഹികൾക്ക് നിർദ്ദേശം നൽകി വിജയ്

ചെന്നൈ: രാഷ്ട്രീയ പ്രവർത്തനം മാന്യമായിരിക്കണമെന്ന നിർദ്ദേശം നൽകി നടൻ വിജയ്. സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയ നേതാക്കളെയോ വിമർശകരെയോ അധിക്ഷേപിക്കരുതെന്നാണ് തമിഴക വെട്രി കഴകം ഭാരവാഹികളോട് വിജയ് നിർദ്ദേശിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷം വിജയ് നൽകിയ ആദ്യ നിർദ്ദേശമാണിത്. ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് നാളെ കൂടിക്കാഴ്ച്ച നടത്തുമെന്ന റിറിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ രണ്ട് മാസത്തിനുള്ളിൽ വലിയ പൊതുയോഗം വിളിക്കാനും രാഷ്ട്രീയനയം പ്രഖ്യാപിക്കാനും വിജയ് പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് വിജയ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സുപ്രധാന നിലപാട് സ്വീകരിച്ചത്. തമിഴക വെട്രി കഴകം എന്ന പേരിൽ അദ്ദേഹം പാർട്ടി രജിസ്റ്റർ ചെയ്തു.

ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നീക്കമാണെന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ വർഷം ചെന്നൈയിൽ വിജയ് തമിഴ്നാട്ടിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയ് മക്കൾ ഇയക്കം നിർധന വിദ്യാർത്ഥികൾക്ക് പഠനത്തിന് സൗകര്യം നൽകുന്ന ട്യൂഷൻ സെന്ററുകൾ ആരംഭിച്ചിരുന്നു. കർഷകർക്ക് സൗജന്യമായി കന്നുകാലികളെ നൽകാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

അതേസമയം, വിജയുടെ രാഷ്ട്രീയപ്രവേശനം ബിജെപിയുടെ തിരക്കഥ എന്ന ആരോപണവുമായി എഐഎഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.