അയോധ്യ രാമക്ഷേത്രം; ഇതുവരെ സംഭാവനയായി ലഭിച്ചത് 11 കോടി രൂപ

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വരവിന്റെ കണക്ക് പുറത്ത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം 10 ദിവസം പിന്നിടുമ്പോഴുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. പതിനൊന്ന് കോടിയലധികം രൂപയാണ് ഇതിനോടകം രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ചത്. എട്ട് കോടി രൂപയിലേറെ ഭണ്ഡാരത്തിൽ ഭക്തർ നേരിട്ട് നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നര കോടി രൂപയാണ് ചെക്കും ഓൺലൈൻ അടക്കമുള്ള മാർഗങ്ങളിലൂടെ ലഭിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. 25 ലക്ഷത്തിലേറെ ഭക്തർ ഇതിനകം രാമക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. ദിനംപ്രതി രണ്ട് ലക്ഷത്തിലേറെ ഭക്തർ ഇവിടെ എത്താറുണ്ടെന്നും അവധി ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർധിക്കാറുണ്ടെന്നും അദ്ദേഹം വിശദമാക്കുന്നു. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് ഗുപ്ത വിശദമാക്കി.

നാല് ഭണ്ഡാരങ്ങളാണ് ഭക്തർക്ക് സംഭാവന നിക്ഷേപിക്കാനായി അയോധ്യ രാമക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ നാല് ഭണ്ഡാരങ്ങൾക്ക് പുറമേ ഡിജിറ്റൽ സംഭാവനകൾ സ്വീകരിക്കാനായി പത്ത് കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളും ഇവിടെയുണ്ട്. കഴിഞ്ഞ ശേഷം 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് ജീവനക്കാരും ചേർന്നാണ് ദിവസവും ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.