കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രം; വിമർശനവുമായി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക രേഖകൾ സഭയിൽ വന്നിട്ടില്ല. ഇന്ത്യയിലാകെ സാമ്പത്തിക രംഗത്ത് ഒരു മരവിപ്പുണ്ട്, അത് കേരളത്തിലും ഉണ്ട്. കേന്ദ്രം മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് കേരളവും കാത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും കേന്ദ്ര ബജറ്റിൽ ഇല്ല. ആരോഗ്യകരമായ രീതിയിൽ അല്ല രാജ്യം പോകുന്നത്. സംസ്ഥാനം സമർപ്പിച്ച പദ്ധതികൾക്ക് ഒന്നും കേന്ദ്രത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ല. അതേസമയം കേന്ദ്രത്തിൽ നിന്ന് മുപ്പതിനായിരം കോടി രൂപ വരെ കിട്ടിയ സംസ്ഥാനങ്ങളുണ്ടെന്ന കാര്യം മറക്കരുത്. ബജറ്റിൽ അടിസ്ഥാന സൗകര്യത്തിന് വേണ്ടിയും നീക്കിയിരുപ്പ് കാണുന്നില്ല. ജനങ്ങൾക്കും സാമ്പത്തിക രംഗത്തിനും ഗുണമുള്ള ഒന്നും ബജറ്റിലില്ല. സംസ്ഥാനത്തിന് തുക അനുവദിക്കുന്നതിൽ കേന്ദ്രം വിവേചനം കാണിക്കുന്നു. കേരളത്തെ സംബന്ധിച്ച് നിരാശാജനകമാണ് ബജറ്റ്. സിൽവർ ലൈൻ കേന്ദ്രം തന്നെ പരിശോധിക്കുന്ന വിഷയമാണ്. പ്രാദേശിക ബിജെപി നേതാക്കൾ കാണുന്നതുപോലെ ആകരുത് ഇന്ത്യയുടെ ഭരണാധികാരികൾ വിഷയം കാണേണ്ടതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.