1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ വി ശിവൻകുട്ടി

തിരുവനന്തപുരം: 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. പഴയ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങളെന്ന് മന്ത്രി പറഞ്ഞു.

മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം. അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഭാഗമായി ഗവേഷകർക്കും വിദ്യാർഥികൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഈ ലൈബ്രറിക്ക് അനുബന്ധമായി ടെക്സ്റ്റ് ബുക്ക് ആർക്കൈവ്സും നിലവിലുണ്ട്. നിരവധി വർഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.

കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗശൂന്യമാകാൻ സാധ്യതയുണ്ട്. ഇക്കാര്യം എസ്.സി.ഇ.ആർ.ടി. ഗവേണിംഗ് ബോഡി യോഗം വിശദമായി ചർച്ച ചെയ്യുകയും നിലവിലെ ആർക്കൈവ്സ് ഡിജിറ്റൈസ് ചെയ്യുന്നതിന് തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇതിന്റെ ഭാഗമായി നിലവിൽ 1250ലധികം പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം 1,50,000 പേജുകൾ ഇതിനോടകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. ഈ പ്രവർത്തനം ഇനിയും തുടരേണ്ടതുണ്ട്. ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കി.