ന്യൂഡൽഹി: സിൽവർ ലൈനുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് താത്പര്യം ഒന്നും കണ്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാരിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു പരാമർശം.
അതേസമയം കേരളത്തിലെ റെയിൽവേ വികസനത്തിന് യുപിഎ കാലത്തിനെ അപേക്ഷിച്ച് ബജറ്റിൽ ഏഴുമടങ്ങ് തുക വകയിരുത്തിയതായി കേന്ദ്ര റെയിൽവേമന്ത്രി വിശദമാക്കി. ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപയാണ് നീക്കിവെച്ചത്. യുപിഎ കാലത്ത് ഇത് 372 കോടി മാത്രമാണ്. യുപിഎ കാലത്തെ അപേക്ഷിച്ച് ഏഴുമടങ്ങ് അധിക വിഹിതമാണ് കേരളത്തിലെ റെയിൽവേ വികസനത്തിനായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ 92 മേൽപ്പാലങ്ങളും അണ്ടർപാസുകളും നിർമ്മിച്ചു. ഇക്കാലയളവിൽ 34 ഫുട്ട് ഓവർ ബ്രിഡ്ജുകളും 48 ലിഫ്റ്റുകളുമാണ് പണിതത്. ട്രെയിൻ വേഗം കൂട്ടുന്നതിന് വളവുകൾ നിവർത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതി രേഖ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വളവുകൾ നിവർത്തിയാൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ വന്ദേഭാരതിന് സഞ്ചരിക്കാൻ സാധിക്കും. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. കേരളത്തിൽ റെയിൽവേ വികസനം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

