ഭരണത്തെ അനാഥമാക്കിയാണ് നവ കേരള സദസ് സംഘടിപ്പിച്ചത്; വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒരു ഉള്ളടക്കവും ഇല്ലാത്ത നയപ്രഖ്യാപനം ആണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അത്രയും ലാഘവത്തോടെയാണ് സർക്കാർ നയപ്രഖ്യാപനം തയ്യാറാക്കിയത്. ഭരണത്തെ അനാഥമാക്കിയാണ് നവ കേരള സദസ് സംഘടിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിന്റെ പരിപാടിയാണെന്ന് പറഞ്ഞ് അവിടെ പോയി രാഷ്ട്രീയം പറഞ്ഞു. സർക്കാറിന്റെ ചെലവിൽ പോയിട്ടല്ല പ്രതിപക്ഷത്തെ വിമർശിക്കേണ്ടത്. നവ കേരള സദസിൽ പങ്കെടുത്ത 70 ശതമാനം പേരും തങ്ങൾക്ക് വോട്ട് ചെയ്യും. ആളുകളെ വിരട്ടിയാണ് നിങ്ങൾ സദസ്സിൽ എത്തിച്ചത്. നവകേരള സദസിന്റെ ഭാഗമായി കരുതൽ തടങ്കൽ തുടങ്ങിയത് മുതൽ ആണ് കരിങ്കോടി പ്രതിഷേധം തുടങ്ങിയത്. ജീവൻ രക്ഷാപ്രവർത്തനം എന്ന വാക്ക് ഉപയോഗിച്ചതോടെ മുഖ്യമന്ത്രി വല്ലാതെ ചെറുതായി. പ്രതിഷേധക്കാരെ തല്ലിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ കൂടെ നടക്കുന്നവർ ഈ നാട്ടിലെ നിയമം അനുസരിക്കുന്നില്ല. സ്റ്റേഷനിൽ വിളിച്ചിട്ട് ഗൺമാൻ പോകുന്നില്ല. ഗൺമാന് തല്ലാൻ ആരാണ് അധികാരം നൽകിയത്. ഇനി ആരാണ് സ്റ്റേഷനിൽ പോകുക. രണ്ടാം തവണയും സമയമില്ലെന്ന് പറഞ്ഞ് ഹാജരായില്ല. ഇത് സ്റ്റാലിന്റെ റഷ്യ അല്ല. ഇത് ജനാധിപത്യ കേരളമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വനം മന്ത്രി വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. അവിടെ വന്യമൃഗങ്ങളെ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കേരളത്തിൽ നിന്ന് വിദ്യാർഥികൾ നാട് വിടുകയാണ്. ഇത് ഗൗരവമായി എടുക്കണം. സർക്കാർ ആശുപത്രികളിൽ എവിടെയും മരുന്നില്ല. ആശുപത്രിയിൽ മരുന്നുണ്ട് എന്ന് പറയുന്നത് ആരോഗ്യ മന്ത്രി മാത്രമാണ്. എല്ലാ രാജകൊട്ടാരങ്ങളിലും വിദൂഷകന്മാർ ഉണ്ടായിട്ടുണ്ട്. അത്തരക്കാരെ തിരിച്ചറിയാനുള്ള കഴിവാണ് ഭരണാധികാരികൾക്ക് വേണ്ടത്. സൂര്യനാണ് ചന്ദ്രനാണ് എന്നൊക്കെ പറഞ്ഞാൽ അത് പാടെ വിശ്വസിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.