വീണ ബിസിനസ് തുടങ്ങിയത് കമലയുടെ പെൻഷൻ തുക ഉപയോഗിച്ച്; പിണറായി വിജയൻ

തിരുവനന്തപുരം: മകൾ വീണാ വിജയനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വീണ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മകൾക്ക് എതിരായ ആരോപണങ്ങളിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരണം നടത്തിയത്.

നിങ്ങൾ ആരോപണം ഉയർത്തൂ. ജനങ്ങൾ സ്വീകരിക്കുമോയെന്ന് കാണാം. ഒരു ആരോപണവും തന്നെ ഏശില്ല. തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണ്. കൊട്ടാരം പോലുളള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപു ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്ക് എതിരെയായി. ബിരിയാണി ചെമ്പടക്കം മുൻപു പറഞ്ഞതൊന്നും നമ്മളെ ഏശില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും കേരളത്തിന്റെ താത്പര്യങ്ങളെ ഒരേപോലെ കൈവിട്ടിരിക്കുന്നു. സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തിലുളള കേന്ദ്ര നീക്കങ്ങൾ കേരളത്തെ ഞെരുക്കുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മുന്നോട്ടുള്ള കുതിപ്പിന്റെ പാതയിലാണ്. ഈ അവസരത്തിലാണ് തിരഞ്ഞെടുപ്പിലൂടെ കടന്നുവരാൻ കഴിയാത്ത വർഗീയവത്ക്കരണത്തിന്റെ വക്താക്കളെ നാമനിർദേശത്തിലൂടെ തിരുകി കയറ്റാൻ ചാൻസലർ സ്ഥാനം വഹിക്കുന്ന ബഹുമാന്യൻ തുനിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.