രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്; എംഎൽഎക്കെതിരെ അച്ചടക്ക നടപടി

തൃശ്ശൂർ: പി ബാലചന്ദ്രൻ എംഎൽഎക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഐ. രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് നടപടി. സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് സിപിഐ വിലയിരുത്തുന്നത്. ഇത്തരം പ്രവർത്തനം നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാനാണ് പാർട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗത്തിന്റെ തീരുമാനം.

സംഭവം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് എംഎൽഎ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാർട്ടി നിലപാടുകൾക്ക് യോജിക്കാത്തവിധത്തിൽ പ്രവർത്തനമുണ്ടായെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. വി എസ് പ്രിൻസാണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്.

സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രൻ, സി എൻ ജയദേവൻ എന്നിവരും ജില്ലാ സെക്രട്ടറി കെ കെ വത്സരാജും യോഗത്തിൽ പങ്കെടുത്തു.