പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിക്കൊപ്പം ചേർന്ന മുഖ്യമന്ത്രി നിതിഷ് കുമാറിനെ ബിഹാറിന് ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സാമൂഹ്യനീതി ഉറപ്പാക്കുകയെന്നത് ‘ഇന്ത്യ’ മുന്നണിയുടെ ഉത്തരവാദിത്തമാണെന്നും ‘ഇന്ത്യ’ മുന്നണി ജാതി സർവേയ്ക്ക് ഒപ്പം നിൽക്കുന്നതിനാലാണു നിതീഷ് മറുകണ്ടം ചാടിയതെന്നും അദ്ദേഹം പറഞ്ഞു. അൽപം സമ്മർദമുണ്ടായപ്പോൾ നിതീഷ് ബിജെപി പാളയത്തിലെത്തിയെന്നും അദ്ദേഹം പരിഹസിച്ചു.
നമ്മുടെ സമൂഹത്തിൽ പിന്നാക്ക വിഭാഗത്തിലുള്ള നിരവധിയാളുകളുണ്ട്. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്നതാണത്. ഒബിസി വിഭാഗക്കാരാണ് ഏറ്റവും കൂടുതലുള്ളത്. എന്നാൽ അവർ എത്ര പേരുണ്ടെന്നു ചോദിച്ചാൽ അതിനുള്ള ഉത്തരമില്ല. അതിനായാണ് ജാതി സർവേ നടത്തുന്നത്. സാമൂഹ്യനീതിക്കു വേണ്ടിയുള്ള ആദ്യ പടിയാണതെന്നും അദ്ദേഹം അറിയിച്ചു. ബിഹാറിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജാതി സർവേ നടത്തരുതെന്ന ബിജെപി സമ്മർദത്തിൽ നിതീഷ് കുമാർ വീണു. സാമൂഹ്യനീതി നടപ്പാക്കാൻ ഇവിടെ അദ്ദേഹത്തിന്റെ ആവശ്യമില്ലെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.

