തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ പുതിയ സ്കൂൾ കെട്ടിടങ്ങൾ പണിയുന്നതിന് 146 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 128 സ്കൂളുകൾക്കാണ് ഇത്രയും തുകയുടെ ഭരണാനുമതി ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
90 കോടി രൂപയാണ് എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിൽ കെട്ടിടങ്ങൾ പണിയുന്നതിനായി നീക്കിവച്ചിരിക്കുന്നത്. 95 സ്കൂളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു. 56 കോടി രൂപ ഹയർ സെക്കൻഡറി മേഖലയ്ക്ക് കെട്ടിടങ്ങൾ പണിയുന്നതിനായി ലഭിക്കും. 33 സ്കൂളുകൾക്കാണ് ഈ തുക ലഭിക്കുക. കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാൻ സിക്കിമിൽ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് എത്തിയത്. സർക്കാർ സ്കൂളുകളിലെ 12 സംസ്ഥാന അവാർഡ് ജേതാക്കളും 27 പ്രശംസാ അവാർഡ് നേടിയ അധ്യാപകരുമാണ് കേരള മോഡലിനെ കുറിച്ച് പഠിക്കാൻ സംസ്ഥാനത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കേരള മോഡലിന്റെ പ്രത്യേകതകളെക്കുറിച്ചും സംഘം പഠനം നടത്തും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ സന്ദർശിക്കാൻ എത്തിയ സംഘവുമായി മന്ത്രി വി ശിവൻകുട്ടി ആശയവിനിമയം നടത്തുകയും ചെയ്തു. കേരള മാതൃകയെയും കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതേതര ചട്ടക്കൂടിനെയും സംഘം അഭിനന്ദിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

