ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ; പല രാജ്യങ്ങളും താത്പര്യം അറിയിച്ചു

തിരുവനന്തപുരം: ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. മാർച്ച് മാസത്തോടെ മിസൈലുകളുടെ കയറ്റുമതി ആരംഭിക്കാനാണ് പദ്ധതി. ഡിആർഡിഒ ചെയർമാൻ സമീർ വി കാമത്താണ് ഇക്കാര്യം അറിയിച്ചത്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി രൂപകൽപ്പന ചെയ്ത വിക്ഷേപണ സാമഗ്രികളുടെ കയറ്റുമതി പത്ത് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡിആർഡിഒ ഉൽപ്പന്നങ്ങൾക്ക് ആഗോള ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകൾ, അർജുൻ ടാങ്കുകൾ അടക്കമുള്ള വിവിധ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയും രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഒരു ഇടത്തരം സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.

ബ്രഹ്മോസ് വാങ്ങാൻ പല രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് പോലും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇതൊരു വലിയ കുതിച്ചുചാട്ടമാണെന്നും സമീർ വി കാമത്ത് അഭിപ്രായപ്പെട്ടു.