തിരുവനന്തപുരം: വിദേശ നാണ്യ വിനിമയ ചട്ട ലംഘന കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിലാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. അഭിഭാഷകനോടൊപ്പമാണ് ബിനീഷ് ഇഡി ഓഫീസിലെത്തിയത്.
നേരത്തെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ വച്ച് ബിനീഷ് കോടിയേരി അറസ്റ്റിലായിരുന്നു. അന്ന് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസെടുക്കുകയും ചെയ്തിരുന്നു. ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കിയാണ് എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ ബിനീഷ് കോടിയേരി ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു.
ലഹരി കേസിൽ ബിനീഷ് പ്രതിയല്ല എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ കേസിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ കേസിൽ ആദായ നികുതിയിൽ അടക്കം പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

