ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മിഷൻ രൂപീകരണത്തിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖർ. എഐ മിഷൻ താമസിയാതെ അനുമതിയ്ക്കായി കാബിനറ്റിന്റെ മുമ്പിലെത്തുമെന്നും 10,000 കോടിയുടെ പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന് സ്വന്തമായി ഒരു എ ഐ വികസിപ്പിക്കാനും രാജ്യത്തിന്റെ കമ്പ്യൂട്ടേഷണൽ ശേഷി വർധിപ്പിക്കാനും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് കമ്പ്യൂട്ട്-ആസ്-എ-സർവീസ് വാഗ്ദാനം ചെയ്യാനും സർക്കാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ എഐ ദൗത്യം കഴിഞ്ഞമാസമാണ് പ്രഖ്യാപിച്ചത്. രാജ്യത്തിനകത്ത് എഐ കംപ്യൂട്ടിങ് ശക്തി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകും ആരോഗ്യം, കാർഷികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിൽ എഐ സാധ്യതകൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ പൊതു സ്വകാര്യ പങ്കാളിത്തത്തിൻ കീഴിൽ രാജ്യത്ത് സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 10000 നും 30000 നും ഇടയിൽ എണ്ണംവരുന്ന ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ ഒരുക്കും. കൂടാതെ പിഎസ്‌യു സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്) വഴി 100-2000 ജിപിയുകൾ അധികമായി തയ്യാറാക്കുമെന്നും നേരത്തെ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.

