സോളാർ സിറ്റി പദ്ധതി; തിരുവനന്തപുരത്ത് 25000 വീടുകളിൽ സബ്സിഡിയോടുകൂടി സോളാർ പ്ലാന്റുകൾ

തിരുവനന്തപുരം: സോളാറിലൂടെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്ന വലിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കാൻ അനെർട്ട്. തിരുവനന്തപുരം നഗരസഭയിലെ 25,000 ഗാർഹിക ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. സോളാർ സിറ്റി പദ്ധതിയാണ് അനെർട്ട് നടപ്പിലാക്കുന്നത്. സൗരോർജ്ജവത്കരിക്കുക എന്ന ആശയം ലക്ഷ്യമിട്ടാണ് സോളാർ സിറ്റി പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിൽ നിന്നും തിരുവനന്തപുരം നഗരസഭയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ സ്മാർട്ട്‌സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം നഗരപരിധിയിലെ 500ൽ പരം പൊതുകെട്ടിടങ്ങളിൽ 16 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ അനെർട്ട് സ്ഥാപിച്ചിട്ടുണ്ട്. സമ്പൂർണ്ണ സൗരവത്കരണത്തിന്റെ ഭാഗമായി 100 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭയിലെ 25,000 ഗാർഹിക ഉപഭോക്താക്കൾക്ക് ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് അടിസ്ഥാന വിലയുടെ 40% വരെ സബ്സിഡിയും അനുവദിക്കും. ഈ പദ്ധതിക്കായി വിവിധ ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പയും നൽകും. ലോണിന് സംസ്ഥാന സർക്കാർ നൽകുന്ന 5% പലിശയിളവും നൽകുന്നുണ്ട്. നിലവിൽ  ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ടോപ്-അപ് ആയി വായ്പ ലഭിക്കും.

2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നവർക്കാണ് സബ്സിഡി ലഭിക്കുക. ഫ്ലാറ്റുകൾ പോലെയുള്ള ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്ക് 500 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കാം.

അതേസമയം, അനെർട്ടും തിരുവനന്തപുരം നഗരസഭയും സംയുക്തമായി സൂര്യകാന്തി 2.0 എന്ന പേരിൽ അക്ഷയ ഊർജ്ജ ഉപകരണങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും എക്സ്പോ സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം 2 മുതൽ 4 വരെ തിരുവനന്തപുരം പുത്തിരികണ്ടം മൈതാനത്തിൽ വച്ച് സംഘടിപ്പിക്കുന്ന എക്‌സ്പോയിൽ വിവിധ അക്ഷയ ഊർജ്ജ ഉപകരണങ്ങളുടെ നിർമ്മാതാക്കൾ, ഇൻസ്റ്റാളർമാർ, വൈദ്യുത വാഹനങ്ങൾ, ചാർജിങ് സ്റ്റേഷൻ നിർമ്മാതാക്കൾ എന്നിവർ പങ്കെടുക്കുന്നു. തിരുവനന്തപുരം നഗരം സൗരോർജ്ജ നഗരമായി മാറ്റുന്നതിന്റെ ഭാഗമായി നഗരസഭ ചുറ്റളവിൽ താമസിക്കുന്നവർക്ക് വീടുകളിൽ സോളാർ സ്ഥാപിക്കുന്നതിന് 40% വരെ സബ്‌സിഡിയും 5%വരെ പലിശയിളവും ലഭ്യമാണ്. ഇതിനായുള്ള സ്‌പോട്ട് രജിസ്ട്രേഷനും ഒരുക്കിയിട്ടുണ്ട്.