തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങൾക്കെതിരെയും പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്താണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്.
കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങളാണ് ഡിവൈഎഫ്‌ഐയുടെ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തത്. മനുഷ്യ ചങ്ങലയിൽ കാസർഗോഡ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി ആദ്യ കണ്ണിയായും തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ അവസാന കണ്ണിയായും അണി നിരന്നു.
വൈകിട്ട് നാലരയ്ക്ക് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രവർത്തകർ പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം ഉൾപ്പെടെ നിരവധി പേർ മനുഷ്യ ചങ്ങലയിൽ പങ്കാളികളായി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവൻ, എം എ ബേബി, തോമസ് ഐസക്, സംവിധായകൻ ആഷിഖ് അബു, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മകൾ വീണാ വിജയൻ തുടങ്ങിയവരും മനുഷ്യ ചങ്ങലയിൽ പങ്കെടുത്തു.
കവി സച്ചിദാനന്ദനും തൃശൂരിൽ ചങ്ങലയുടെ ഭാഗമായി. ഫാസിസ്റ്റ് സർക്കാരിനെതിരായ സമരത്തിൽ എല്ലാ സാംസ്‌കാരിക നായകരും പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. അഹമ്മദ് ദേവർകോവിൽ എംഎൽഎ, ടി പി രാമകൃഷ്ണൻ എംഎൽഎ, പി മോഹനൻ, കാനത്തിൽ ജമീല എംഎൽഎ, സച്ചിൻ ദേവ് എംഎൽഎ ,മേയർ ബീന ഫിലിപ്പ്, എഴുത്തുകാരായ കെ ഇ എൻ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, നടൻ ഇർഷാദ് അലി തുടങ്ങിയവർ കോഴിക്കോട് മനുഷ്യചങ്ങലയുടെ ഭാഗമായി.

