രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ നിന്നും വിട്ടു നിൽക്കാൻ പ്രതിപക്ഷ നേതാക്കൾ; മറ്റ് പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങിന് നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്നറിയിച്ച പ്രമുഖ നേതാക്കൾ രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയേക്കും. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കൾ ജനുവരി 22ന് പ്രമുഖക്ഷേത്രങ്ങളിൽ ദർശനം നടത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ മുതിർന്ന പ്രതിപക്ഷനേതാക്കൾ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളെല്ലാം പ്രതിഷ്ഠാച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്.

അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മതസൗഹാർദ റാലി നടത്താൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനം. എല്ലാ മതവിഭാഗങ്ങളേയും ഉൾക്കൊള്ളിച്ച് വിവിധ ആരാധനകേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാകും റാലി നടത്തുക. പാർക്ക് സർക്കസ് മൈതാനത്ത് പൊതുസമ്മേളനത്തോടെയാണ് റാലി സമാപിക്കുക.

ബംഗാളിലെ മറ്റിടങ്ങളിലും റാലി സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള നാടകമെന്ന് വിമർശിച്ചാണ് അയോധ്യയിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ മമത ബാനർജി തീരുമാനിച്ചത്. അയോധ്യയിൽ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠ നടക്കുന്ന അന്നുതന്നെ തീർഥാടന കേന്ദ്രമായ കാളീഘട്ട് ക്ഷേത്രത്തിലും മമത സന്ദർശനം നടത്തും.

രാഹുൽ ഗാന്ധി ജനുവരി 22ന് അസമിലെ ഒരു ക്ഷേത്രം സന്ദർശിച്ചേക്കുമെന്നാണ് വിവരം. അയോദ്ധ്യ പ്രതിഷ്ഠാദിനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുന്ദരകാണ്ഡം, ഹനുമാൻ ചാലിസ പരിപാടികൾ ഡൽഹിയിലുടനീളം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജനുവരി 22ന് നാസിക്കിലെ കാലാറാം ക്ഷേത്രം സന്ദർശിക്കുകയും മഹാ ആരതി നടത്തുകയും ചെയ്യുമെന്നാണ് താക്കറെ വ്യക്തമാക്കിയിരിക്കുന്നത്.