പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഇറാൻ; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഇറാൻ. തീവ്രവാദ സംഘടനയായ ജെയ്ഷ് അൽ – അദ്ൽ താവളമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാൻ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച്ചയാണ് ആക്രമണം ഉണ്ടായത്. ആണവായുധങ്ങളുടെ ശേഖരമുള്ള പാകിസ്ഥാന്റെ അതിർത്തികളിൽ പ്രവർത്തിക്കുന്ന സുന്നി തീവ്രവാദ സംഘടനയായ ജെയ്ഷ് അൽ അദ്‌ലിന്റെ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ രണ്ട് കൊല്ലപ്പെട്ടുവെന്നും 3 പേർക്ക് പരിക്കേറ്റുവെന്നും പാകിസ്ഥാൻ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. ഇറാഖിലെ കുർദിഷ് മേഖലയിൽ ഇർബിൽ (കൃയശഹ) നഗരത്തിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപത്തായി ഇറാൻ തിങ്കളാഴ്ച ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ ചാര സംഘടന ഇവിടെ പ്രവർത്തിച്ചിരുന്നതായാണ് ഇറാൻ ആരോപിക്കുന്നത്.

അതേസമയം, ഇറാന്റെ നടപടി അസ്വീകാര്യവും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയുമാണെന്നുമാണ് പാകിസ്ഥാന്റെ പ്രതികരണം. നിരപരാധികളായ രണ്ട് കുട്ടികൾ മരിച്ചുവെന്നും പാകിസ്ഥാൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനും പാകിസ്ഥാനുമായി നല്ല ബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ നടന്ന ഈ ആക്രമണം ഗൗരവമുള്ളതാണെന്നും, തീവ്രവാദം എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണെന്ന നിലപാടാണ് പാകിസ്ഥാൻ മുൻപും സ്വീകരിച്ചിട്ടുള്ളതെന്നും വിദേശ കാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.