കൊച്ചി: 4000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന പദ്ധതികളാണിവ. കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റർനാഷനൽ ഷിപ്പ് റിപയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്), ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്ന പദ്ധതികൾ. കൊച്ചിയിലാണ് ഇവയുടെ ഉദ്ഘാടനം. കൊച്ചി കപ്പൽശാലയുടെ ന്യൂ ഡ്രൈ ഡേക്കും ഐഎസ്ആർഎഫും ആഗോള തലത്തിൽ കപ്പൽ നിർമ്മാണ, അറ്റക്കുറ്റപ്പണി രംഗത്ത് ഇന്ത്യയ്ക്ക് കൂടുതൽ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഊർജ്ജ രംഗത്ത് രാജ്യത്തിന് മുതൽക്കൂട്ടാകുന്ന ഐഒസിയുടെ എൽപിജി ഇംപോർട്ട് ടെർമിനൽ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എൽപിജി വിതരണം ഉറപ്പാക്കാൻ സഹായിക്കും. വില്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ 42 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവിൽ രാജ്യാന്തര കപ്പൽ അറ്റക്കുറ്റപ്പണി കേന്ദ്രമായ ഐഎസ്ആർഎഫ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയെ ഒരു ആഗോള കപ്പൽ റിപ്പയർ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
6000 ടൺ ശേഷിയുള്ള ഷിഫ് ലിഫ്റ്റ് സിസ്റ്റം, ട്രാൻസ്ഫർ സിസ്റ്റം, ആറ് വർക്ക് സ്റ്റേഷനുകൾ, 130 മീറ്റർ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേ സമയം ഉൾക്കൊള്ളുന്ന 1400 മീറ്റർ ബെർത്ത് തുടങ്ങിയവ ഐഎസ്ആർഎഫിന്റെ സവിശേഷതകളാണ്. കൊച്ചി കപ്പൽശാലയുടെ നിലവിലെ ഷിപ്പ് റിപ്പയർ സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിലും കൊച്ചിയെ ഒരു ആഗോള ഷിപ്പ് റിപ്പയർ ഹബ് ആക്കി മാറ്റുന്നതിലും ഐഎസ്ആർഎഫ് നിർണായക പങ്കുവഹിക്കും. ഇന്ത്യയിൽ ഷിപ്പ് റിപ്പയർ ക്ലസ്റ്ററുകൾ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണിത്. ഐഎസ്ആർഎഫ് 2000 പേർക്ക് നേരിട്ട് തൊഴിൽ നൽകും. മാരിടൈം ഇന്ത്യ വിഷൻ 2030 എന്ന കേന്ദ്ര സർക്കാരിന്റെ സുപ്രധാന മാരിടൈം വികസന പദ്ധതിയുടെ പ്രധാനലക്ഷ്യ പൂർത്തീകരണമാണ് ഈ പദ്ധതികൾ. ഈ രണ്ടു പദ്ധതികളും ഈ രംഗത്തെ ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തേകുകയും സ്വയം പര്യാപ്തമാക്കുകയും ആഗോള പ്രശസ്തിയിലേക്ക് നയിക്കുകയും ചെയ്യും.
കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പുതിയ എൽപിജി ഇംപോർട്ട് ടെർമിനൽ പണിപൂർത്തീകരിച്ചിരിക്കുന്നത്. 3.5 കിലോമീറ്റർ ക്രോസ് കൺട്രി പൈപ്പ്ലൈനിലൂടെ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടിയുമായി ബന്ധിപ്പിച്ച ഈ അത്യാധുനിക ടെർമിനലിന് 1.2 എംഎംടിപിഎ ശേഷിയുണ്ട്. ദക്ഷിണേന്ത്യയുടെ എൽപിജി ആവശ്യകത നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ് തന്ത്രപ്രധാന സ്ഥലമായ കൊച്ചിയിൽ ഇതൊരുക്കിയിരിക്കുന്നത്. 15400 മെട്രിക് ടൺ സംഭരണ ശേഷിയുള്ള ഈ ടെർമിനൽ റോഡ്, പൈപ്പ് ലൈൻ വഴികളിലൂടെയുള്ള എൽപിജി വിതരണം ഉറപ്പാക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബോട്ടിലിംഗ് പ്ലാന്റുകൾക്കും പ്രയോജനകരമാണ്.

