തിരുവനന്തപുരം: റോഡ് അപകടങ്ങളുടെ ഉത്തരവാദിത്വം എൻജിനീയർമാർക്കാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആസൂത്രണത്തിലും ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിലും ഉള്ള പോരായ്മയാണ് പ്രധാന പ്രശ്‌നങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് സുരക്ഷ എന്ന വിഷയത്തിൽ സിഐഐ ദേശീയ കോൺക്ലേവിനെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
റോഡ് സുരക്ഷയാണ് ഡിപിആർ തയ്യാറാക്കുമ്പോൾ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ടത്. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ പ്രധാനമാണ്. ഡിപിആർ തയ്യാറാക്കുന്നത് പ്രത്യേക വിഷയമായി പരിഗണിക്കാൻ സിഐഐ കമ്മിറ്റിയോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. ഡിപിആറിന്റെ നിലവാരം വളരെ മോശമാണ്. അതുകൊണ്ട് എഞ്ചിനീയർമാരാണ് റോഡപകടങ്ങൾക്ക് ഉത്തരവാദികളെന്നും പക്ഷേ ആളുകൾ എപ്പോഴും ഡ്രൈവർമാരെ കുറ്റപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡ് സുരക്ഷയുടെ കാര്യത്തിൽ എങ്ങനെ റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ചർച്ച നടത്തണം. അതോടൊപ്പം റോഡിന്റെ നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും ചർച്ചയിൽ ഉൾപ്പെടുത്തണം. റോഡപകടങ്ങളിൽ 12 ശതമാനം വർധനയും റോഡപകട മരണങ്ങളിൽ 10% വർധനയും ഉണ്ടായിട്ടുണ്ട്. ഇത് ജിഡിപിയിൽ 3.14% സാമൂഹിക- സാമ്പത്തിക നഷ്ടത്തിന് കാരണമായി. 2022- ലെ റോഡപകടങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 4.6 ലക്ഷം റോഡപകടങ്ങളും 1.68 ലക്ഷം മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും 53 റോഡപകടങ്ങളും 19 മരണങ്ങളും ഉണ്ടായി. അപകട മരണം ഒരു കുടുംബത്തിലെ പണം സമ്പാദിക്കുന്നയാളുടെ നഷ്ടവും തൊഴിലുടമകൾക്ക് തൊഴിൽ നഷ്ടവും സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള നഷ്ടവുമാണ്. 60% അപകട മരണങ്ങളും 18 നും 35 നും ഇടയിൽ പ്രായമുള്ളവരാണെന്നും നിതിൻ ഗഡ്ക്കരി കൂട്ടിച്ചേർത്തു.