അമേരിക്കൻ ചരക്ക് കപ്പലിൽ ഹൂതി മിസൈൽ ആക്രമണം; തീപടർന്നു

സൻആ: അമേരിക്കൻ ചരക്ക് കപ്പലിൽ ഹൂതി മിസൈൽ ആക്രമണം. യെമൻ തീരത്താണ് ആക്രമണം ഉണ്ടായത്. യെമനിൽ നിന്ന് തൊടുത്ത മൂന്നു മിസൈലുകളിൽ ഒരെണ്ണമാണ് കപ്പലിന് മുകളിൽ പതിച്ചത്. കപ്പലിൽ തീ പടർന്നെങ്കിലും ആളപായമുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ബ്രിട്ടനും ഹൂതി കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടി ആണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് കേന്ദ്രമായുള്ള ഈഗിൾ ബുൾക് എന്ന കമ്പനിയുടെ ജിബ്രാൾട്ടർ ഈഗിൾ എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. ചെറിയ കേടുപാട് മാത്രമാണ് കപ്പലിന് സംഭവിച്ചത്.

ചരക്കു കപ്പൽ അക്രമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചെങ്കടലിൽ ഒരു അമേരിക്കൻ യുദ്ധക്കപ്പലിനു നേരെയും ആക്രമണ ശ്രമം നടന്നിരുന്നു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകൾ ലക്ഷ്യത്തിൽ പതിക്കും മുൻപ് തകർത്തതായി അമേരിക്ക വ്യക്തമാക്കി. ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകാനാണ് അമേരിക്കയുടെ തീരുമാനമെന്നാണ് വിവരം.

അതേസമയം, ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലിൽ നിന്ന് വിട്ടുനിൽക്കാൻ അമേരിക്കൻ നാവികസേന ആവശ്യപ്പെട്ടിരുന്നു.