കൊച്ചിയിൽ ഡാർക്ക്‌നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട്; 7 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ഡാർക്ക്‌നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട് നടത്തിയ ഏഴു പേരെ പിടികൂടി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൺ ഷാജി, കെ പി അമ്പാടി, സി ആർ അക്ഷയ്, അനന്തകൃഷ്ണൻ ടെബി, ആന്റണി സഞ്ജയ് തുടങ്ങിയവരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്.

ശരത് ആണ് ലഹരി ഇടപാടുകളുടെ സൂത്രധാരൻ. ജർമനിയിൽ നിന്നെത്തിയ പാഴ്സൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ലഹരിവേട്ടയിലേക്ക് എത്തിയത്. അറസ്റ്റിലായവരെല്ലാം രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണ്.

ത്ത് എൽ എസ് ഡി സ്റ്റാമ്പുകളാണ് ജർമനിയിൽ നിന്ന് പാഴ്സൽ വഴി എത്തിയത്. കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽ എസ് ഡി സ്റ്റാമ്പുകൾ, എട്ട് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചു വലിയ ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഡാർക്ക് വെബിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നവർ കൂടുതലാണെന്നും നാർക്കോട്ടിക്‌സ് കൺട്രോൾ ബൂറോ സംശയിക്കുന്നു. കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി കൊച്ചി മാറിയതായാണ് ഇവിടെ നടക്കുന്ന ലഹരി വേട്ടകൾ സൂചിപ്പിക്കുന്നത്.