ലക്ഷദ്വീപിൽ പുതിയ സംരംഭവുമായി ടാറ്റ ഗ്രൂപ്പ്; താജ് ബ്രാൻഡിലുള്ള രണ്ട് ഹോട്ടലുകൾ ആരംഭിക്കും

ന്യൂഡൽഹി: ലക്ഷദ്വീപിൽ പുതിയ സംരംഭവുമായി ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഉപകമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയാണ് ആഡംബര ഹോട്ടൽ ശൃംഖലയായ താജ് ബ്രാൻഡിലുള്ള രണ്ട് ഹോട്ടലുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സുഹേലി, കദ്മത് എന്ന ദ്വീപുകളിലായി നിർമിക്കുന്ന, താജ് ബ്രാൻഡിലുള്ള ഹോട്ടലുകൾ 2026-ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി അറിയിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുഹേലി ദ്വീപിൽ ആരംഭിക്കുന്ന ദി താജ് സുഹേലി എന്ന ആഡംബര റിസോർട്ടിൽ 110 റൂമുകളാണ് നിർമിക്കുന്നത്. ഇതിൽ 60 ബീച്ച് വില്ലകളും 50 വാട്ടർ വില്ലകളും ഉൾപ്പെടുന്നുണ്ട്.

കദ്മത് ദ്വീപിൽ ദ താജ് കദ്മത് റിസോർട്ടിൽ 75 ബീച്ച് വില്ലകളും 35 വാട്ടർ വില്ലകളും ഉൾപ്പെടുന്നു. രണ്ട് ഹോട്ടൽ പദ്ധതികളും 2026-ഓടെ സഞ്ചാരികളെ വരവേൽക്കാൻ തയ്യാറാകുമെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. സ്‌കൂബ ഡൈവിങ്, സ്നോർക്കലിങ്, സീ പ്ലെയിൻ തുടങ്ങിയ ബീച്ച് ആക്ടിവിറ്റികളും ഇവിടെയുണ്ടാകും. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്കും കോർപ്പറേറ്റ് പരിപാടികൾക്കുമുള്ള സൗകര്യങ്ങളും ഈ ഹോട്ടലുകളിൽ തയ്യാറാക്കും.