മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്മെന്റ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഈ മാസം പതിനെട്ടിന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്.

ഇത് നാലാം തവണയാണ് കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിന് അന്വേഷണ സംഘം നോട്ടീസ് അയക്കുന്നത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നത്.

ഡിസംബർ 21 ന് അരവിന്ദ് കെജ്രിവാൾ ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും പത്തുദിവസത്തെ വിപാസനധ്യാന ക്യാമ്പുണ്ടെന്ന കാരണം പറഞ്ഞ് കെജ്രിവാൾ ഹാജരായിരുന്നില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ഇഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.