മകരപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. മകരപ്പൊങ്കൽ പ്രമാണിച്ചാണ് അവധി നൽകിയിരിക്കുന്നത്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് അവധി ലഭിക്കും.

മകരപ്പൊങ്കൽ സമയത്തെ തിരക്കുകൾ പരിഗണിച്ച് റെയിൽവെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം ശബരിമല മകരവിളക്ക് ഉത്തവത്തോട് അനുബന്ധിച്ചുള്ള ഏരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലാ കളക്ടറാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനുവരി 15 നാണ് ശബരിമലയിലെ മകരവിളക്ക് മഹോത്സവം.