യൂത്ത് കോൺഗ്രസിനെ ഇല്ലാതാക്കി കളയാമെന്ന ദിവാസ്വപ്നത്തിലാണ് മുഖ്യമന്ത്രി; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന ചെറുപ്പക്കാരോട് സർക്കാർ എത്ര ക്രൂരമായാണ് പെരുമാറുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്കു കടന്നുകയറി അമ്മയുടെയും പെങ്ങളുടെയും മുന്നിൽ വച്ച് ബഡ്റൂമിൽനിന്ന് അറസ്റ്റു ചെയ്തുള്ള നാടകമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ യൂത്ത് കോൺഗ്രസിനെയും യുഡിഎഫിനെയും ഇല്ലാതാക്കി കളയാമെന്ന ദിവാസ്വപ്നത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളിലൂടെ പിണറായി വിജയനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചതിലുള്ള വൈരാഗ്യവും വിരോധവുമാണ് അറസ്റ്റിലൂടെ തീർത്തത്. ഇങ്ങനെ വൈരാഗ്യം തീർത്താൽ മുഖ്യമന്ത്രിയുടെ മനസിന് സുഖം കിട്ടുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തലയ്ക്ക് അടിയേറ്റ് ആശുപത്രിയിൽ നാലഞ്ചു ദിവസം കഴിഞ്ഞ ശേഷമാണ് രാഹുലിനെ ഡിസ്ചാർജ് ചെയ്തത്. അതിനു മുൻപ് രാഹുൽ തിരുവനന്തപുരത്തുണ്ടായിരുന്നു. ജയിൽ സന്ദർശനം ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുമുണ്ട്. അപ്പോഴൊന്നും അറസ്റ്റു ചെയ്യാതെ വീട്ടിൽ കയറി അറസ്റ്റു ചെയ്യണമെന്നത് രാഷ്ട്രീയ തീരുമാനമാണ്. അത്രമാത്രം പകയും വിദ്വേഷവുമാണ് പിണറായിക്കുള്ളത്. അക്രമത്തിന് ആഹ്വാനം ചെയ്തു എന്നതിന്റെ പേരിലാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം. അങ്ങനെയെങ്കിൽ ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റ് കൊണ്ടും ഇരുമ്പ് വടി കൊണ്ടും യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചെന്ന് പൊലീസ് എഫ്‌ഐആർ ഇട്ട സംഭവം രക്ഷാപ്രവർത്തനമാണെന്നു പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്ത പിണറായി വിജയനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട എല്ലാ അക്രമങ്ങൾക്കും മർദ്ദനങ്ങൾക്കും കാരണം പിണറായി വിജയന്റെ കലാപ ആഹ്വാനമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഇന്നലെ വെളുപ്പാൻ കാലത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ മാത്രമല്ല, കേരളത്തിലെ യുവചൈതന്യത്തെ മുഴുവനായാണ് പിണറായിയുടെ പൊലീസ് ഉണർത്തിയത്. യൂത്ത് കോൺഗ്രസിനെയും യുഡിഎഫ് യുവജനസംഘടനകളെയും യുഡിഎഫിനെയും കുറെക്കൂടി ഊർജ്ജസ്വലമാക്കി എന്നതാണ് രാഹുലിന്റെ അറസ്റ്റിലൂടെ ഉണ്ടായത്. രാഹുലിനെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്ത് ജയിലിൽ കൊണ്ടു വരുന്നതുവരെ കന്റോൺമെന്റ് എസ്എച്ച്ഒ മോശമായും ക്രൂരമായുമാണ് പെരുമാറിയത്. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച്, യൂത്ത് കോൺഗ്രസ് അധ്യക്ഷനോട് പെരുമാറാൻ പാടില്ലാത്ത ഭാഷയിലും രീതിയിലുമാണ് അയാൾ പെരുമാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.