ടൂറിസം വികസനം; പി കെ ശശിയെ വിദേശ സന്ദർശനത്തിനയക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സിപിഎം നേതാവും കെടിഡിസി (കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപറേഷൻ ) ചെയർമാനുമായ പി കെ ശശിയെ വിദേശ സന്ദർശനത്തിനയക്കാൻ സംസ്ഥാന സർക്കാർ. സ്പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളാണ് സന്ദർശന പട്ടികയിലുള്ളതെന്നാണ് പുറത്തു വരുന്ന വിവരം. കേരളത്തിലെ ടൂറിസം രംഗത്തെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കുകയാണ് യാത്രയുടെ ലക്ഷ്യമിടുന്നത്.

കെടിഡിസിയുടെ മാനേജിങ് ഡയറക്ടറായ ശിഖ സുരേന്ദ്രനും പികെ ശശിക്കൊപ്പം വിദേശത്ത് നടക്കുന്ന ട്രേഡ് ഫെയറിലും ബിസിനസ്സ് ടു ബിസ്സിനസ്സ് മീറ്റിംഗുകളിലും പങ്കെടുക്കും. കെടിഡിസിയുടെ ബജറ്റ് വിഹിതത്തിൽ നിന്നായിരിക്കും യാത്രയ്ക്കുള്ള തുക ചെലവഴിക്കുക. അതേസമയം, വിദേശ സന്ദർശത്തിനെതിരെ വിലയ വിമർശനമാണ് ഒരു ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ടൂറിസം മേഖലയെ പുരോഗതിയിലെത്തിക്കാൻ എന്ന പേരിൽ നടത്തുന്ന ഈ വിദേശ യാത്രക്ക് ഉദ്ദേശിച്ച ഫലം ലഭ്യമായേക്കില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

രാഷ്ട്രീയ പ്രമുഖരെ വിദേശത്തേക്ക് അയക്കുന്നതിനു പകരം ടൂറിസം മേഖലയിലെ സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടതെന്നാണ് ടൂറിസം വകുപ്പിലെ മുൻ ജീവനക്കാരനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നത്. കേരളം ടൂറിസം സൗഹൃദമാണെന്ന് തെളിയിക്കാൻ ഇങ്ങനെ രാജ്യങ്ങൾ തോറും നടന്നു പറയുന്നതിന് പകരം പുതിയ കാലത്തെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് പരസ്യങ്ങൾ നൽകുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.