അയോദ്ധ്യയിൽ നടക്കാൻ പോകുന്നത് ബിജെപി പരിപാടി; പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം. അയോദ്ധ്യയിൽ നടക്കാൻ പോകുന്നത് ബിജെപി- ആർഎസ്എസ് പരിപാടിയാണെന്നും പങ്കെടുക്കേണ്ടതില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. അയോദ്ധ്യാ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കുന്നതായും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധിർരഞ്ജൻ ചൗധരി എന്നിവർ ക്ഷണം നിരസിച്ചു. അയോദ്ധ്യയെ രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ആദരവോടുകൂടി പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നുവെന്നാണ് പാർട്ടി നിലപാട് വ്യക്തമാക്കി ജയറാം രമേശ് അറിയിച്ചത്. ക്ഷേത്രത്തിന്റെ നിർമാണം പോലും പൂർത്തിയാക്കുന്നതിന് മുമ്പ്പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യ ആകർഷണമാക്കി മാറ്റുന്നതും രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നതിന് മുന്നോടിയാണെന്നായിരുന്നു കോൺഗ്രസ് പാർട്ടി വ്യക്തമാക്കിയത്.

അതേസമയം, കേരളത്തിൽ മുസ്ലീം ലീഗ്, സമസ്ത തുടങ്ങിയവർ കോൺഗ്രസിന് ബിജെപിയുടെ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.