ന്യൂഡൽഹി: കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സെനറ്റ് അംഗങ്ങളായി ഗവർണർ സ്വന്തം നിലയ്ക്ക് നോമിനേറ്റ് ചെയ്ത ബാലൻ പൂതേരി ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഡിസംബർ 21 നു രാവിലെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സെനറ്റ് അംഗങ്ങളെ യൂണിവേഴ്സിറ്റി സെനറ്റ് ഹൗസിനു മുന്നിൽ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞു. തുടർന്ന് കൈയേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും ഹർജിക്കാർ ആരോപിച്ചു.
പോലീസ് ഇതിനെതിരെ നടപടി എടുത്തില്ല. സുരക്ഷ ഒരുക്കാൻ സർവകലാശാല വിസിയോടും രജിസ്ട്രാറോടും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടർന്നാണ് ഹർജിക്കാർക്ക് സംരക്ഷണം നൽകാനും ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടത്.

