തിരുവനന്തപുരം: ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെ കുറിച്ച് പാട്ടും സിനിമയും ഒക്കെ ഉണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അതിൽ തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുമ്പ് പി ജയരാജനെ ഇതേ വിഷയത്തിൽ പാർട്ടി ശാസിച്ചത് പഴയ ചരിത്രമാണെന്നും അതിപ്പോൾ ചർച്ച ചെയ്യേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗവർണർക്കെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഗവർണർക്കെതിരെ എവിടെ വെച്ച് പ്രതിഷേധിക്കാനും അവകാശമുണ്ട്. കർഷക വിരുദ്ധ സമീപനം ഗവർണർ സ്വീകരിച്ചതുകൊണ്ടാണ് അവർ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം അവർക്കൊപ്പമാണെന്ന് അദ്ദേഹം അറിയിച്ചു.

