പാരിസ്: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റലിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ആണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. നിലവിലെ പ്രധാനമന്ത്രി ഏലിസബത്ത് ബോൺ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അറ്റലിനെ പിൻഗാമിയായി തിരഞ്ഞെടുത്തത്. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് അറ്റൽ. 34-ാം വയസാണ് അദ്ദേഹത്തിന്റെ പ്രായം.
പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് അറ്റൽ. അടുത്തിടെ നടത്തിയ അഭിപ്രായ സർവേയിൽ ജനപ്രിയ രാഷ്ട്രീയപ്രവർത്തകരിലൊരാളായി ഗബ്രിയേൽ അറ്റലിനെ തെരഞ്ഞെടുത്തിരുന്നു. ഗബ്രിയേൽ അറ്റൽ അറിയപ്പെടുന്നത് ഇമ്മാനുവൽ മക്രോയുടെ വിശ്വസ്തനെന്നാണ്.
യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇമ്മാനുവൽ മാക്രോ നടത്തിയ സുപ്രധാന നീക്കമായിട്ടാണ് ഗബ്രിയേലിന്റെ നിയമനത്തെ വിലയിരുത്തപ്പെടുന്നത്.

