അഭിമാന നേട്ടം; അർജുന അവാർഡ് ഏറ്റുവാങ്ങി മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ

ന്യൂഡൽഹി: അർജുന അവാർഡ് ഏറ്റുവാങ്ങി മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് രാജ്യത്തെ രണ്ടാമത്തെ പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡ് എം ശ്രീശങ്കർ ഏറ്റുവാങ്ങിയത്. അർജുന അവാർഡിനായി തിരഞ്ഞെടുക്കുന്നത്. കായിക രംഗത്തെ മികവ് പരിഗണിച്ചാണ്. കേരളത്തിൽ നിന്ന് ഇത്തവണ അർജുന അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ശ്രീശങ്കറാണ്.

ശ്രീശങ്കറിനെ അർജുന അവാർഡിനായി പരിഗണിക്കാൻ കാരണം ഹൗങ്ചോ ഏഷ്യൻ ഗെയിംസ്, ലോക അതിലറ്റിക്സ് ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെ മികച്ച പ്രകടനമാണ്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ശ്രീശങ്കറിന് പ്രശംസ അറിയിച്ചു. അർജുന അവാർഡ് നേട്ടത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

ഇത്തവണ അർജുന അവാർഡിനായി തിരഞ്ഞെടുത്തത് 26 കായിക താരങ്ങളെയാണ്.