കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം ലഭിച്ചു. കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പോലീസിനോട് കോടതി നിർദ്ദേശിച്ചു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്നാണ് സർക്കാർ കോടതിയിൽ വിശദമാക്കിയത്. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് ഇതുസംബന്ധിച്ച തീരുമാനമം കോടതി സ്വീകരിച്ചത്.
ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.
കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്ന് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

