രാജ്യത്തെ ടൂറിസം സാധ്യതകൾക്ക് പ്രചാരണം നൽകണം; പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി മുഹമ്മദ് ഷമി

ന്യൂഡൽഹി: മാലദ്വീപ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന് പിന്തുണ അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്തെത്തി. നമ്മൾ രാജ്യത്തെ ടൂറിസം സാധ്യതകൾക്ക് ആവശ്യമായ പ്രചാരണം നൽകണം. അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവർക്കും നല്ലതാണെന്നും ഷമി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മൾ പിന്തുണക്കണമെന്നും ഷമി കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്തിടെ പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിക്കുകയും അവിടുത്തെ ടൂറിസം സാധ്യതകൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ പ്രസ്താവനകളുമായി മാലദ്വീപിലെ മന്ത്രിമാർ രംഗത്തെത്തി. ഇതിന് പിന്നാലെ സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള നിരവധി കായികതാരങ്ങൾ ഇന്ത്യൻ ടൂറിസത്തെ പ്രമോട്ട് ചെയ്തും പ്രധാനമന്ത്രിയെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.