ലക്ഷദ്വീപുമായി ബന്ധപ്പെട്ട സെർച്ചുകളിൽ വലിയ വർദ്ധനവ്; മേക്ക് മൈ റിപ്പോർട്ട്

ന്യൂഡൽഹി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട സെർച്ചുകളിൽ വലിയ വർദ്ധനവ്. തങ്ങളുടെ വെബ്സൈറ്റിൽ ലക്ഷദ്വീപുമായി ബന്ധപ്പെട്ട സെർച്ചുകളിൽ 3400 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി മേക്ക് മൈ റിപ്പോർട്ട് വ്യക്തമാക്കി. ഓൺലൈൻ ട്രാവൽ കമ്പനിയാണ് മേക്ക്മൈ ട്രിപ്പ്. സമൂഹ മാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷമാണ് സേർച്ചുകളിൽ ഇത്രയധികം കുതിപ്പുണ്ടായതെന്നാണ് മേക്ക് മൈ ട്രിപ്പ് വ്യക്തമാക്കുന്നത്.

അതേസമയം, ഇന്ത്യൻ ബീച്ചുകളോടുള്ള താത്പര്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ‘ബീച്ചസ് ഓഫ് ഇന്ത്യ’ എന്ന പേരിൽ പുതിയ പ്രചാരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ അതിമനോഹരമായ ബീച്ചുകളിലേക്ക് യാത്ര ചെയ്യാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഓഫറുകളും കിഴിവുകളും നൽകുമെന്ന് മേക്ക് മൈ ട്രിപ്പ് വിശദമാക്കി.

മാലദ്വീപിലേക്കുള്ള ബുക്കിംഗുകൾ ‘അനിശ്ചിതകാലത്തേക്ക്’ താൽക്കാലികമായി നിർത്തിവച്ചതായി ഈസ് മൈട്രിപ്പ് സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രശാന്ത് പിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്നും റഷ്യയിൽ നിന്നുമാണ് മാലദ്വീപിലേക്ക് ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്നതെന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.