തനിക്ക് നേരെ ഇതിന് മുൻപും വധശ്രമം ഉണ്ടായിട്ടുണ്ട്; വെളിപ്പെടുത്തി ഗവർണർ

തൊടുപുഴ: തനിക്ക് നേരെ ഇതിന് മുൻപും വധശ്രമം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാര്യണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ മുൻപ് ഇതിലും വലിയ ഭീഷണികൾ നേരിട്ടിട്ടുണ്ട്. അഞ്ച് തവണ തനിക്കുനേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രി സഭയിൽ നിന്നും രാജിവയ്ക്കുമ്പോൾ എനിക്ക് വെറും 35 വയസ് മാത്രമാണുണ്ടായിരുന്നത്. 1985, 86, 87 കാലഘട്ടങ്ങളിലാണ് യഥാർത്ഥത്തിലുള്ള ഭീഷണി നേരിട്ടത്. 1990ൽ നടന്ന തനിക്ക് വേരെ നടന്ന വധശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലയ്ക്ക് പരിക്കേറ്റു. ഇപ്പോൾ ഭയമുണ്ടോയെന്ന് ചോദിക്കുമ്പോൾ പറയാനുള്ളത്, 35-ാം വയസിൽ തോന്നാത്തത് 72-ാം വയസിൽ തോന്നുമോ എന്നാണെന്ന് അദ്ദേഹം അറിയിച്ചു.

തന്റെ പ്രായം ആയുർദൈർഘ്യത്തിന് ദേശീയ ശരാശരി പിന്നിട്ടു. അധികമായി കിട്ടുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ട് ഒട്ടും ഭയമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.