പ്രതിരോധം, ആരോഗ്യമേഖല; ഇന്ത്യയെ പിണക്കിയാൽ മാലിദ്വീപിന് നഷ്ടമാകുക കോടികളുടെ സഹായം

ന്യൂഡൽഹി: ഇന്ത്യയെ പിണക്കിയാൽ മാലിദ്വീപിന് നഷ്ടമാകുക കോടികളുടെ സഹായം. പ്രതിരോധ രംഗത്ത് ഉൾപ്പെടെ വലിയ സഹായമാണ് മാലിദ്വീപിന് ഇന്ത്യ നൽകുന്നത്. പ്രതിരോധ ഉപകരണങ്ങൾ നൽകുക, അവയുടെ പരിശീലനം നൽകുക തുടങ്ങിയവ ഇന്ത്യയുടെ ഭാഗത്ത് നിന്നും മാലിദ്വീപിന് ലഭിക്കാറുണ്ട്.

10 കോടി ഡോളറാണ് കഴിഞ്ഞ വർഷം ഇന്ത്യ മാലിദ്വീപിന് ധനസഹായമായി നൽകിയത്. മെഡിക്കൽ രംഗത്തും ഇന്ത്യ മാലിദ്വീപിനെ സഹായിച്ചിട്ടുണ്ട്. അഞ്ചാം പനി പരന്നപ്പോൾ 30,000 വാക്‌സിനുകൾ ഇന്ത്യ മാലിദ്വീപിന് അയച്ചു നൽകി. മാലിദ്വീപിന്റെ പ്രധാന വരുമാനങ്ങളിൽ ഒന്ന് ഇന്ത്യൻ ടൂറിസ്റ്റുകളാണ്. 161,751 ടൂറിസ്റ്റുകളാണ് 2023 നവംബറിൽ മാത്രം ഇന്ത്യയിൽ നിന്നും മാലിദ്വീപിൽ എത്തിയത്. ഇത് മാലദ്വീപിലെത്തിയ ആകെ ടൂറിസ്റ്റുകളുടെ 20 ശതമാനം വരും.

2021ലും 2022ലും ഇന്ത്യയിൽ നിന്നും യഥാക്രമം 2.91 ലക്ഷവും 2.41 ലക്ഷവും ടൂറിസ്റ്റുകൾ മാലിദ്വീപിൽ എത്തിയിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മാലിദ്വീപ് മന്ത്രിയുടെ പരാമർശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാർക്കെതിരെ മാലദ്വീപ് നടപടി സ്വീകരിച്ചു. മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സസ്പെൻഡ് ചെയ്തു. മോശം പരാമർശം നടത്തിയ മറിയം ഷിയുന ഉൾപ്പടെയുള്ള മന്ത്രിമാരെയാണ് സസ്പെൻഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സർക്കാർ നയമല്ലെന്നുമാണ് മാലിദ്വീപ് ഭരണകൂടം നൽകിയ ഔദ്യോഗിക വിശദീകരണം.