കുസാറ്റ് ക്യാമ്പസിലെ അപകടം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ അപകടത്തിൽ നടപടികളുമായി പോലീസ്. കേസിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേർത്തു. സംഗീത പരിപാടിക്ക് തൊട്ടുമുമ്പായുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ ഡോ. ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റ് കൺവീനർമാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാർ തമ്പി, ഡോ. എൻ ബിജു എന്നിവർക്കെതിരെയാണ് കേസ്.

മനപൂർവ്വം അല്ലാത്ത നരഹത്യ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. പോലീസ് സഹായം തേടിയുള്ള പ്രിൻസിപ്പലിന്റെ കത്ത് കൈമാറാതിരുന്ന സർവ്വകലാശാല രജിസ്റ്റാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. കേസിന്റെ നിലവിലെ അന്വേഷണ പുരോഗതി അറിയിച്ച് ഹൈക്കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബർ 25 നാണ് കുസാറ്റിൽ അപകടം നടന്നത്. ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.