ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിയുടെ പരാമർശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാർക്കെതിരെ നടപടി സ്വീകരിച്ച് മാലദ്വീപ്. മൂന്ന് മന്ത്രിമാരെ മാലദ്വീപ് സസ്പെൻഡ് ചെയ്തു. മോശം പരാമർശം നടത്തിയ മറിയം ഷിയുന ഉൾപ്പടെയുള്ള മന്ത്രിമാരെയാണ് സസ്പെൻഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സർക്കാർ നയമല്ലെന്നുമാണ് മാലദ്വീപ് ഭരണകൂടം നൽകിയ ഔദ്യോഗിക വിശദീകരണം.
സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മാലദ്വീപ് ഭരണകൂടം വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ നേതാക്കൾക്കും ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികൾക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ആ അഭിപ്രായപ്രകടനങ്ങളൊന്നും തന്നെ മാലദ്വീപ് ഭരണകൂടത്തിന്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല അവ തികച്ചും വ്യക്തിപരം മാത്രമാണെന്നും വിശദീകരണക്കുറിപ്പിലുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യം, യാതൊരു വിദ്വേഷ പ്രകടനങ്ങളുമില്ലാതെ, രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധത്തെ ഉലയ്ക്കാതെ, ജനാധിപത്യപരമായും ഉത്തരവാദിത്വപൂർണമായും വിനിയോഗിക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഭരണകൂടമാണ് മാലദ്വീപിലേത്. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികൾ മടിക്കില്ലെന്നും ഭരണകൂടം കൂട്ടിച്ചേർത്തു.

