ലൈംഗിക കുറ്റവാളി ജെറഫി എഡ്വേർഡ് എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകൾ; പ്രമുഖരുടെ നീണ്ടനിര കണ്ട് ഞെട്ടി യുഎസ്

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെറഫി എഡ്വേർഡ് എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകൾ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് അമേരിക്ക. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി, നിരവധി പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഈ രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഹോളിവുഡ് നടൻ ഡി കാപ്രിയോ, ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ് തുടങ്ങി ലോകപ്രശസ്തമായ നിരവധി പേരുകൾ ഈ രേഖയിലുണ്ടെന്നാണ് വിവരം. രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, ശതകോടീശ്വരന്മാർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി അടുത്ത ബന്ധമുള്ള കോടീശ്വരനായിരുന്നു ജെഫെറി എപ്സ്‌റ്റൈൻ.

ലൈംഗികബന്ധത്തിനായി 14 വയസുകാരിക്ക് പണം വാഗ്ദാനം ചെയ്തതിന് 2005-ൽ ഫ്ളോറിഡയിൽ വെച്ചാണ് ഇയാളെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നിരവധി പരാതികൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു. 13 മാസം ഇയാൾ ജയിലിൽ കഴിയുകയും ചെയ്തിരുന്നു. വിവിധ ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടാനിരിക്കെ ജെഫെറി എപ്സ്‌റ്റൈൻ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ജെറഫി എഡ്വേർഡ് എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ ഹോളിവുഡ് നടനും ഓസ്‌കാർ ജേതാവുമായ ലിയൊനാർഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ദീർഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാൻഡ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, അന്തരിച്ച പോപ് താരം മൈക്കിൾ ജാക്സൺ, ഗൂഗിളിന്റെ സഹസ്ഥാപകനായ സെർജി ബ്രിൻ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മജീഷ്യൻ ഡേവിഡ് കോപ്പർഫീൽഡ്, യു.എസ്സിലെ ശതകോടീശ്വരനായ ഗ്ലെൻ ഡുബിൻ, ഫ്രഞ്ച് മോഡലിങ് ഏജന്റായ ജീൻ-ലക് ബ്രുനെൽ, ഹാർവാർഡ് പ്രൊഫസർ അലൻ ഡെർഷോവിറ്റ്സ്, മുൻ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അടുത്തയാളായിരുന്ന വില്യം ജെ. ബേൺസ്, ഭാഷാപണ്ഡിതനായ നോം ചോസ്‌കി, ഹോളിവുഡ് നടി കാമറൂൺ ഡയസ്, ഓസ്ട്രേലിയൻ നടി കേറ്റ് ബ്ലാൻചെറ്റ്, അമേരിക്കൻ നടൻ കെവിൻ സ്പേസി തുടങ്ങിയവരെ കുറിച്ച് പരാമർശിക്കുന്നുണ്ട്.