ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാജ്യത്തെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയിലെ പാർട്ടികളുമായി ചർച്ച നടത്താൻ കോൺഗ്രസ്. ആവശ്യമെങ്കിൽ വിവിധ സംസ്ഥാനങ്ങളിലെത്തി മുഖ്യപ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നാണ് കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക് അറിയിച്ചത്.
സീറ്റ് ധാരണ സംബന്ധിച്ചുള്ള അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ എടുക്കാനാണ് കോൺഗ്രസ് നേതൃത്വം പദ്ധതിയിടുന്നത്. ജനുവരി 14ന് ആണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരിൽ നിന്നും മുംബയിലേക്കാണ് യാത്ര.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടന്നവെന്നാണ് വിവരം. മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, മുകുൾവാസ്‌നിക്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

