തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സ്വർണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാൽ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ ഏജൻസികളെല്ലാം വന്നതിലും സ്പീഡിൽ തിരിച്ചുപോയെന്നു മാത്രമല്ല, ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ ഒരു ഘട്ടത്തിൽ ഉയർന്നത് സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, കുഴൽപ്പണം, വിദേശനാണ്യ വിനിമയചട്ട ലംഘനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കേരളത്തെ കൊള്ളയടിച്ചതെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി ചൂണ്ടിക്കാട്ടി. ഇപ്പോൾ അവരെ വേട്ടയാടുന്ന തിരക്കിലാണ് ഭരണകൂടം. ഇല്ലാത്ത കേസുകളിൽ പോലും കുടുക്കി പ്രതിപക്ഷ നേതാക്കളെ രാജ്യമാകെ മോദി ഭരണകൂടം വേട്ടയാടുകയാണ്. കേന്ദ്രസർക്കാർ ഏജൻസികളുടെ പ്രധാന ജോലി തന്നെ ഇപ്പോൾ അതാണ്. എന്നാൽ, കേരള മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളും മൊഴികളും നിലനിൽക്കെയാണ് എല്ലാ കേസുകളും തേച്ചുമാച്ചതെന്നും അദ്ദേഹം അറിയിച്ചു.
സ്വർണക്കടത്ത് കേസ് നിർജീവമാക്കിയതിനോടൊപ്പം ലാവ്ലിൻ കേസ് 28 തവണ മാറ്റിവച്ചതും കൂട്ടിവായിക്കേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണി പോലെയാണ് സംരക്ഷിക്കുന്നത്. നവകേരളയാത്രയിൽ മോദിക്കെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ഇത്രയും ജനദ്രോഹകരമായ യാത്രയിൽ ഒരു കീറത്തുണിപോലും ഉയർത്തി പ്രതിഷേധിക്കാൻ ബിജെപി തയാറായതുമില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

