കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവം ഇന്ന് മുതൽ. ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സിനിമാ നടി നിഖില വിമൽ തുടങ്ങിയവരാണ് മുഖ്യാതിഥികൾ.
മേയർ പ്രസന്ന ഏണസ്റ്റ്, എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ എം ആരിഫ്, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, സുജിത് വിജയൻപിള്ള, ജി എസ് ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി എസ് സുപാൽ, പി സി വിഷ്ണുനാഥ്, സി ആർ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ് ഷാനവാസ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡിവിഷൻ കൗൺസിലർ ഹണി ബഞ്ചമിൻ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ ഒൻപതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. തുടർന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, സിനിമാനടി ആശാ ശരത്തും സ്‌കൂൾ വിദ്യാർഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും. സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.
ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതിഭകളെ ആദരിക്കും, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സുവനീർ പ്രകാശനം നിർവഹിക്കും.
ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം ജനറൽ കൺവീനറും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുമായ സി എ സന്തോഷ് നിർവഹിക്കും. സാംസ്‌കാരിക-മത്സ്യബന്ധന-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ വിശിഷ്ടാതിഥിയാകും. മേയർ പ്രസന്നാ ഏണസ്റ്റ്, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, പി എസ് സുപാൽ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്വീകരണ കമ്മിറ്റി കൺവീനർ കെ എസ് ഷിജുകുമാർ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ലൈറ്റ്‌സ് ആൻഡ് സൗണ്ട്സിന്റെ സ്വിച്ച് ഓൺ കർമ്മം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ എം മുകേഷ് എം എൽ എ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം നൗഷാദ് എം എൽ എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ, ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് കമ്മിറ്റി കൺവീനർ എ ഷാനവാസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ,സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, സംഘാടകസമിതി-സബ് കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഫ്രാൻസിസ് കുരീപ്പുഴ ഗാനം ആലപിച്ചു
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ തുടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സർക്കാർ ടൗൺ യു പി എസിൽ ജില്ലാ പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീഹരിയ്ക്ക് പാർട്ടിസിപ്പേഷൻ കാർഡുകൾ അടങ്ങിയ ഫയൽ കൈമാറി തുടക്കംകുറിച്ചു. രജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാൻ സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി. എം എൽ എ മാരായ എം മുകേഷ്, എം നൗഷാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ്, രജിസ്‌ട്രേഷൻ കമ്മിറ്റി കൺവീനർ ജെ ബോബൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
അതേസമയം, കൗമാരകലോത്സവമികവിന്റെ അഭിമാനസാക്ഷ്യമായ സ്വർണകപ്പ് ജില്ലയിലേക്കെത്തി. കോഴിക്കോട് നിന്ന് പ്രയാണമാരംഭിച്ച് വിവിധ ജില്ലകളിലെ ആയിരങ്ങളുടെ കാഴ്ചനിറവായി മാറിയ അംഗീകാരമുദ്രയായ കപ്പ് ജില്ലാതിർത്തിയായ ഏനാത്ത് നിന്നാണ് ഏറ്റുവാങ്ങിയത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവർക്കൊപ്പമാണ് കപ്പ് സ്വീകരിച്ചത്.
കൊടിക്കുന്നിൽ സുരേഷ് എം പി, എം എൽ എ മാരായ എം മുകേഷ്, എം നൗഷാദ് ജില്ലാ കലക്ടർ എൻ ദേവിദാസ് കലാ-സാംസ്‌കാരിക പ്രവർത്തകർ അധ്യാപകരും വിദ്യാർഥികളും സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു. മത്സരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും മെമൊന്റോ നൽകും. ഓവറോൾ ട്രോഫികൾ എല്ലാ പുതിയത് നൽകുകയും റോളിംഗ് അല്ലാത്തവ സ്‌കുളുകൾക്കും ജില്ലകൾക്കും സ്വന്തമാക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് ആഘോഷത്തോടെ വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടു വരുന്ന കലോത്സവ സ്വർണക്കപ്പ് കൊല്ലം ജില്ലയിൽ പ്രവേശിച്ചു കഴിഞ്ഞു. അൽപ സമയത്തിനകം കപ്പ് കൊല്ലം നഗരത്തിൽ എത്തിച്ചേരും.
പതിനാല് സ്‌കൂളുകളിലായി രണ്ടായിരത്തി നാന്നൂറ്റി എഴുപത്തിയഞ്ച് (2475) ആൺകുട്ടികൾക്കും ഒമ്പത് സ്‌കൂളുകളിലായി രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത് (2250) പെൺകുട്ടികൾക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 6.30 ന് കാസർകോഡ് നിന്നുള്ള 28 അംഗ ടീം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവരെ മന്ത്രിമാരുടെ നേതൃത്വത്തിൽ സ്വീകരിക്കും. മത്സരാർഥികൾക്ക് എസ്‌കോർട്ടിംഗ് ടീച്ചേഴ്‌സിനും സ്‌കൂൾ ബസ്സുകളുടെ സഹായത്തോടെ ഇരുപത്തിയാറ് കലോത്സവ വണ്ടികൾ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഠൗൺ ബസ് സർവ്വീസും കെ എസ് ആർ ടി സി, ഓർഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ നാളെ മുതൽ കലോത്സവം അവസാനിക്കുന്നതുവരെ സർവ്വീസ് നടത്തുന്നതാണ്.
ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകൾ വേദികളിൽ നിന്നും മറ്റു വേദികളിലേക്ക് മത്സരാർഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോർഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വേദികളിലേക്കും കെ എസ് ആർ ടി സിയും കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും ഇന്ന് വൈകുന്നേരം മുതൽ സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും. മത്സരാർഥികൾക്ക് വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകുന്നതിന് ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. വേദികളും പാർക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആർ കോഡുകൾ തയ്യാറാക്കിയിട്ടുണ്ട്. കലോത്സവത്തിന് മാത്രമായുള്ള ഹെൽപ്പ് ലൈൻ നമ്പർ തയ്യാറാക്കിയിട്ടുണ്ട്. .Police control room Helpline nos 112, 9497930804 എന്നതാണ് ഹെൽപ്പ് ലൈൻ നമ്പർ. വേദികളിലും അനുബന്ധ പ്രദേശങ്ങളിലും ശക്തമായ നിരീക്ഷണത്തിന് സി സി. ടി വി സംവിധാനം ഒരുക്കിയിട്ടുണ്ട്. മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മമ്മൂട്ടി സമാപന സമ്മേളനത്തിലും ചലച്ചിത്ര താരം നിഖിലാ വിമൽ ഉദ്ഘാടന സമ്മേളനത്തിലും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട് എന്ന സവിശേഷതയും ഈ കലോത്സവത്തിന് ഉണ്ട്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണപുരയുടെ പാലുകാച്ചൽ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ക്രേവൻ സ്‌കൂളിൽ സജ്ജമാക്കിയ ഊട്ടുപുരയിലെ പ്രധാന അടുപ്പിന് പഴയിടം മോഹനൻ നമ്പൂതിരി തീ പകർന്നു. ഹരിത ചട്ടപ്രകാരം മൺകുടത്തിലും മൺഗ്ലാസിലും പായസം വിതരണം ചെയ്തു. ഒരേസമയം 2200 പേർക്ക് കഴിക്കാൻ കഴിയുന്ന വിധത്തിലാണ് ഊട്ടുപുര ക്രമീകരിച്ചിരിക്കുന്നത്.