കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ; 9.39 കോടി നൽകാൻ ഉത്തരവിട്ടു

കൊച്ചി: സംസ്ഥാന സർക്കാർ കെൽട്രോണിന് പണം അനുവദിച്ചു. എഐ ക്യാമറകൾ വെച്ചതിനാണ് കെൽട്രോണിന് സർക്കാർ തുക നൽകിയത്. ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവിട്ടു. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് നിർത്തിവച്ചിരുന്നു.

കഴിഞ്ഞ ദിവസം എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നോട്ടീസ് അയയ്ക്കാൻ നിയോഗിച്ച കരാർ ജീവനക്കാരെ കെൽട്രോൺ പിൻവലിച്ചിരുന്നു. കരാർ പ്രകാരമുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നായിരുന്നു നടപടി. 11 കോടി രൂപയാണ് മൂന്ന് മാസത്തെ കുടിശ്ശികയായി സർക്കാർ കെൽട്രോണിന് നൽകാനുള്ളത്. വിഷയം ധനമന്ത്രിയുമായി സംസാരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

എഐ ക്യാമറകളിൽ ട്രാഫിക് നിയമലംഘനങ്ങൾ ഇപ്പോൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമാണ് കൺട്രോൾ റൂമിലുള്ളത്. നിയമലംഘനങ്ങൾ വേർതിരിച്ച് നോട്ടീസ് അയക്കുന്നതിനാണ് കരാർ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നത്. കെൽട്രോൺ പ്രത്യേക പരിശീലനവും ഈ ജീവനക്കാർക്ക് നൽകിയിരുന്നു.