അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുന്നു; ഇ മെയിൽ ലഭിച്ചതായി വി അബ്ദുറഹ്മാൻ

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുന്നു. സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് സന്നദ്ധത അറിയിച്ചു കൊണ്ടുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ മെയിൽ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടതാണെന്നും മന്ത്രി വിശദമാക്കി.

സൗഹൃദ മത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം നേരത്തേ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഈ പിന്മാറ്റത്തിന് കാരണം. പിന്നീടാണ് അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.