ഹിൻഡൻബെർഗ് റിപ്പോർട്ട്; നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണം. നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസത്തെ സമയം കൂടി അനുവദിക്കുകയും ചെയ്തു. ന്യായമായ വിഷയങ്ങൾ കൊണ്ടുവരാനാണ് പൊതുതാൽപര്യ ഹർജി.ആധികാരികമല്ലാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൊതുതാല്പര്യ ഹർജികൾ നൽകരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

അന്വേഷണം മാറ്റി നൽകുക എന്നത് അസാധാരണ സാഹചര്യത്തിലാണ് കോടതി തീരുമാനിക്കുക. ഈ സാഹചര്യത്തിൽ ആ നടപടി എടുക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നൽകിയ ശുപാർശകൾ നടപ്പാക്കണം. അന്വേഷണാത്മക പത്ര പ്രവർത്തനം വഴി വരുന്ന ഇത്തരം റിപ്പോർട്ടുകൾ സെബി പരിഗണിക്കണം. ഇത് തെളിവായി കണക്കാക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ട് ഓഹരി വിപണിയെ സ്വാധീനിച്ചോ എന്ന ആരോപണവും പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.