പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കങ്ങളാരംഭിച്ച് കേന്ദ്രം; ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്തേക്കും

ന്യൂഡൽഹി: രാജ്യത്ത് പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കങ്ങളാരംഭിച്ച് കേന്ദ്രം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് 2019-ൽ പാർലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ 6 ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കുന്നത്. പൗരത്വനിയമ ഭേദഗതി ലോക്‌സഭാ പാസാക്കിയത്. 2019 ഡിസംബറിൽ ആണ്. 2020 ജനുവരി 10-ന് നിയമം നിലവിൽ വന്നുവെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മത വിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമ ഭേദഗതിയാണ് പാർലമെന്റ് പാസാക്കിയിരുന്നത്.

അതേസമയം, കേരളവും, ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ സിഎഎ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതിനായി പ്രത്യേക പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കും. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്.

അതേസമയം, 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിന് അപേക്ഷ നൽകാൻ കഴിയുക എന്നായിരുന്നു നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ 2014-ന് ശേഷവും ഇന്ത്യയിൽ എത്തിയവർക്ക് സിഎഎയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്.