സ്വർണക്കള്ളക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചെന്ന് എല്ലാവർക്കും അറിയാം; പ്രധാനമന്ത്രി

തൃശൂർ: സ്വർണക്കള്ളക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാർ പദ്ധതികളെ കേരളം അവഗണിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് ചോദിക്കരുതെന്നാണ് നയം. ബിജെപിയിലൂടെ കേരള വികസനം സാധ്യമാണ്. കേരളത്തിലും ഇന്ത്യാ സഖ്യമാണ്. ഇവരാണ് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നത്. പത്ത് വർഷത്തിനിടെ സ്ത്രീകളുടെ ജീവിതം സുഗമമാക്കാൻ നിരവധി കാര്യങ്ങൾ ചെയ്തു. 10 കോടി കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകി എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി. 11 കോടി കുടുംബങ്ങൾക്കു കുടിവെള്ളം നൽകി. എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി, കോടിക്കണക്കിനുപേർക്ക് ബാങ്ക് അക്കൗണ്ട്, സ്ത്രീകളുടെ പ്രസവാവധി വർധിപ്പിച്ചു, സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്കു പ്രവേശനം സാധ്യമാക്കി. ലോക്സഭയിലും നിയമസഭയിലും സംവരണം ഉറപ്പാക്കി, എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി. അമ്മമാർക്കും പെൺകുട്ടികൾക്കും അവസരങ്ങളുടെ കലവറ തുറന്നിറക്കിയിരിക്കയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്രയും അധികം സ്ത്രീകൾ തന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ സന്തോഷമുണ്ട്. കാശിയുടെ പാർലമെന്റ് അംഗമാണ് താൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെ നിന്നും വടക്കും നാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു. കച്ചവടക്കാരായ സ്ത്രീകൾക്ക് സഹായം ലഭിക്കും. 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭിക്കും. ഇതിനെല്ലാം ഉറപ്പ് മോദിയുടെ ഉറപ്പാണ്. ലോകം നിരവധി വേദനകളിലൂടെ കടന്നുപോകുകയാണ്, കൊറോണ, യുക്രെയ്ൻ, ഗസ്സ എന്നീ പ്രശ്നങ്ങൾ നമ്മൾ കണ്ടു. എത്ര വലിയ പ്രശ്നമായാലും ബിജെപി സർക്കാർ ഇവിടെ നിന്നെല്ലാം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇറാഖിൽനിന്ന് നഴ്സുമാരെ തിരിച്ചെത്തിച്ചത് ബിജെപി സർക്കാരാണ്. കോൺഗ്രസിന്റെ പോലെ ദുർബല സർക്കാർ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു. ലോകത്ത് എത്ര വലിയ പ്രശ്നത്തിൽപ്പെട്ടാലും ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഈ സർക്കാരിന് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.