ന്യൂഡൽഹി: അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയുടെ പ്രവർത്തനം 2024-ൽ തന്നെ രാജ്യത്ത് ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഗുജറാത്തിലായിരിക്കും ടെസ്ലയുടെ പ്ലാന്റ് നിർമിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
ടെസ്ല ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുന്നതും പ്ലാന്റ് സ്ഥാപിക്കുന്നതും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈബ്രന്റ് ഗുജറാത്ത് സമിറ്റ് 2024-ൽ ഉണ്ടാകുമെന്നാണ് സൂചന. വൈബ്രിന്റ് ഗുജറാത്ത് സമ്മിറ്റിൽ ടെസ്ലയുടെ സിഇഒ ഇലോൺ മസ്ക് പങ്കെടുക്കുമെന്നും അദ്ദേഹമായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നുമാണ് റിപ്പോർട്ട്.
ഗുജറാത്തിന് പുറമെ, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ടെസ്ല പരിഗണിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. അതേസമയം, ടെസ്ലയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഗുജറാത്തിനെ തിരഞ്ഞെടുക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും, ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ടെസ്ലയുടെ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഗുജറാത്ത് മന്ത്രി ഋഷികേശ് പട്ടേൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

