തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര മദ്യ വിൽപ്പനയിൽ റെക്കോർഡ് നേടി ബെവ്‌കോ. ഡിസംബർ 22 മുതൽ 31 വരെയുള്ള തീയതികളിൽ 543 കോടി രൂപയുടെ മദ്യമാണ് ആകെ വിറ്റത്. 94.5 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31 ന് മാത്രം വിറ്റത്. കഴിഞ്ഞ വർഷം ഇത് 93.33 കോടിയായിരുന്നു. ഡിസംബർ 22 മുതൽ 31 വരെയുള്ള 10 ദിവസത്തെ വിൽപ്പനയെയാണ് ക്രിസ്മസ് പുതുവൽസര വിൽപ്പനയായി കണക്കാക്കുന്നത്.
സംസ്ഥാനത്ത് ഡിസംബർ 30ന് 61.91 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഡിസംബർ 30ന് 55.04 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. ഡിസംബർ 31 ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം-77 ലക്ഷം, ഇരിങ്ങാലക്കുട-76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂർ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വിൽപ്പന.
70.73 കോടിയുടെ മദ്യ വിൽപ്പനയാണ് ഡിസംബർ 24 ന് സംസ്ഥാനത്തുണ്ടായത്. ഡിസംബർ 22, 23 ദിവസങ്ങളിൽ 84.04 കോടി രൂപയുടെ മദ്യ വിൽപ്പന സംസ്ഥാനത്തുണ്ടായി. ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും നികുതിയായി ഖജനാവിലെത്തും. ആകെ ലഭിച്ച 543.13 കോടിയിൽ ഏകദേശം 490 കോടി രൂപയും ഖജനാവിലെത്തും.

